പനി, ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ പെട്ടെന്ന് വർധനവുണ്ടായതായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. “അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, എന്നാൽ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. എൻസിഡിസിയിൽ നിന്നുള്ള വിവരമനുസരിച്ച്, ഈ കേസുകളിൽ ഭൂരിഭാഗവും H3N2 ഇൻഫ്ലുവൻസ വൈറസാണ്.” ഐഎംഎ പറഞ്ഞു. എന്നിരുന്നാലും ആന്റിബയോട്ടിക്ക് ചികിത്സ പരമാവധി കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎ നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം നൽകണമെന്നും ഐഎംഎ ഡോക്ടർമാരോട് നിർദേശിച്ചു. ജനങ്ങൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വർധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഐഎംഎ മുന്നറിയിപ്പ് നൽകി. ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്‌നമുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.