ഐഷെ 2020-21: വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് 2020-21 കാലയളവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന 4.13 കോടി വിദ്യാർത്ഥികളിൽ 14.2 ശതമാനം എസ്‌സി വിഭാഗത്തിലും 5.8 ശതമാനം എസ്ടി വിഭാഗത്തിലും 35.8 ശതമാനം ഒബിസി വിഭാഗത്തിലും പെട്ടവരാണെന്ന് കാണിക്കുന്നു. ബാക്കിയുള്ള 44.2 ശതമാനം വിദ്യാർത്ഥികൾ മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരാണ്.
2014-15 നും 2020-21 നും ഇടയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എൻറോൾമെന്റിൽ വർധനയുണ്ടായതായി അഖിലേന്ത്യാ സർവേ പറയുന്നു.
2019-20 നെ അപേക്ഷിച്ച് 2020-21ൽ പട്ടികജാതി വിദ്യാർത്ഥികളുടെ എൻറോൾമെന്റിലെ വളർച്ച 4.2 ശതമാനമാണ്, അതേസമയം 2018-19 നെ അപേക്ഷിച്ച് 2019-20 ലെ വളർച്ച 1.6 ശതമാനമാണ്. കൂടാതെ, 2014-15 മുതൽ പട്ടികജാതി വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ മൊത്തത്തിലുള്ള വർദ്ധനവ് 27.96 ശതമാനമാണ്. പട്ടികവർഗ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് 2019-20ൽ 21.6 ലക്ഷത്തിൽ നിന്ന് 2020-21ൽ 24.1 ലക്ഷമായി ഉയർന്നുവെന്ന് ” റിപ്പോർട്ട് പറയുന്നു.
സർവേ റിപ്പോർട്ട് അനുസരിച്ച്, 2019-20 ലെ 1.42 കോടിയിൽ നിന്ന് 2020-21 ൽ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശനം ഏകദേശം 1.48 കോടിയായി ഉയർന്നു. കൂടാതെ, 2014-15 മുതൽ ഒബിസി വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ മൊത്തത്തിലുള്ള വർദ്ധനവ് 31.67 ശതമാനമാണ്.