ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി തിരിച്ചുപിടിക്കാൻ ഇലോൺ മസ്‌ക്. 2022 ഡിസംബറിലാണ് ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ട് ഇലോൺ മസ്കിനെ പിന്നിലാക്കി ലോക സമ്പന്ന പട്ടികയിലെ ഒന്നാമനായത്. ടെസ്‌ലയുടെ ഇലക്ട്രിക് വാഹന വില്പനയിലുള്ള വളർച്ചയാണ് വീണ്ടും 51 കാരനായ മസ്കിനെ മുന്നോട്ട് നയിക്കുന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം മസ്കിന്റെ ആസ്തി 191.3 ബില്യൺ ഡോളറാണ്. 2021-ന്റെ അവസാനത്തിൽ ടെസ്‌ല മേധാവിയുടെ ആസ്തി 300 ബില്യൺ ഡോളർ വരെ എത്തിയിരുന്നു. സ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും ടെസ്‌ല ഓഹരികളിൽ നിന്നാണ്, എന്നിരുന്നാലും സമീപ വർഷങ്ങളിൽ സ്‌പേസ് എക്‌സ് ഇതിന്റെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ മസ്‌ക് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇതിനായി അദ്ദേഹം 44 ബില്യൺ ഡോളറാണ് നൽകിയത്. ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയുമായ മസ്‌ക്, 2021-ൽ ഏകദേശം 5.7 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ ഓഹരികൾ സംഭാവന ചെയ്തു, അക്കാലത്ത് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഭാവനകളിലൊന്നായി മാറി. 2021 അവസാനത്തോടെ ഏകദേശം 55 ബില്യൺ ഡോളർ ആസ്തിയുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് യുഎസിലെ ഏറ്റവും വലിയ ഫൗണ്ടേഷൻ, ആ വർഷം ഏകദേശം 6.2 ബില്യൺ ഡോളർ അവർ സംഭാവന നൽകിയിട്ടുണ്ട്.