ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ വന്‍ വിജയമായ പ്രണയകഥയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ പ്രേക്ഷകരുടെ മനസില്‍ നിത്യഹരിതമായി തുടരുകയാണ്. ഡിഡിഎൽജെ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ ചിത്രം വീണ്ടും തിയറ്ററിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍.പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച ചിത്രം റി- റിലീസ് ചെയ്തത്. റിലീസുമായി ബന്ധപ്പെട്ട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ പ്രീ ബുക്കിംഗ് ഫെബ്രുവരി ആദ്യം തന്നെ ആരംഭിച്ചിരുന്നു. വാലന്റൈൻ ആഴ്ച മുഴുവനും ചിത്രം തിയറ്ററിൽ ഉണ്ടായിരിക്കും. ഫെബ്രുവരി 10ന് വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദിത്യ ചോപ്ര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം – ഇന്ത്യ, ലണ്ടൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇറങ്ങിയ കാലത്ത് ബോക്സ് ഓഫീസിലെ സകല റെക്കോഡും തകര്‍ത്ത ചിത്രമാണ് ഇത്. ഇപ്പോഴത്തെ റീ റിലീസ് കുറച്ച് സ്‌ക്രീനുകളിലാണ് നടത്തിയത്. പിങ്ക് വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി 10ന് പിവിആര്‍, ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ റിലീസ് ചെയ്ത ദിവസം നേടിയ കളക്ഷന്‍ 2.50 ലക്ഷം രൂപയാണ്. എന്നാല്‍ ഫെബ്രുവരി 11-ന് 10 ലക്ഷം രൂപ കളക്ഷൻ നേടി. അതായത് കളക്ഷനില്‍ ഏതാണ്ട് 300% വര്‍ദ്ധനവാണ് ഉണ്ടായത്. ഫെബ്രുവരി 11 ന് ചിത്രത്തിന് 10 ലക്ഷം രൂപയ്ക്ക് അടുത്ത് കളക്ഷനാണ് ലഭിച്ചത് എന്നാണ് വിവരം. മൊത്തത്തിൽ 22.50 ലക്ഷം രൂപയാണ് ആദ്യ മൂന്ന് ദിവസങ്ങളില്‍ നേടിയത്.