സംസ്ഥാനത്ത് ഏലത്തിന് പിന്നാലെ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയരാനൊരുങ്ങി കാപ്പി വിലയും. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് കാപ്പി വിലയില്‍ ഉണ്ടായിരിക്കുന്നത്.
നിലവിലെ നിരക്ക് അനുസരിച്ച്‌, കാപ്പിപ്പരിപ്പിന്റെ വില ക്വിന്റലിന് 19,400 രൂപയായാണ് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കാപ്പിപ്പരിപ്പിന്റെ വില ഇത്രയും ഉയരുന്നത്.

പ്രധാന കാപ്പി ഉല്‍പ്പാദന രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങളായി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തര കര്‍ഷകര്‍ക്കാണ് തുണയായത്. ഉല്‍പ്പാദനത്തില്‍ ഉണ്ടായ കുറവും, ആവശ്യക്കാര്‍ മോഹവില നല്‍കുന്നതും കാപ്പി വില ഉയരാന്‍ കാരണമായി. അതേസമയം, രാജ്യത്ത് പ്രധാനമായും കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന വയനാട്ടിലും, കര്‍ണാടകയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഉല്‍പ്പാദനം താരതമ്യേന കുറവാണ്.

ജനുവരി ആദ്യ വാരത്തിലാണ് കാപ്പിയുടെ വിളവെടുപ്പ് നടന്നത്. വിളവെടുപ്പ് ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഒരു ക്വിന്റല്‍ കാപ്പിപ്പരിപ്പിന് 16,000 രൂപ വരെ ലഭിച്ചിട്ടുണ്ട്. നിലവിലെ വിപണി സാഹചര്യം തുടര്‍ന്നാല്‍ മാര്‍ച്ച്‌ മാസം ആക്കുമ്പോഴാകും വില 20,000 കടക്കാന്‍ സാധ്യതയുണ്ട്.