ഒന്നാം ക്ലാസിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വർഷമാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനത്ത് ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് ഇതുവരെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പ്രായം അഞ്ച് വർഷമാണ്. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ നിർദേശം തള്ളിക്കളയാനാകില്ല. അതിനാൽ സംസ്ഥാന സർക്കാർ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തി അഭിപ്രായം തേടുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണ്. അത് നടപ്പാക്കുന്നതിന് മുമ്പ് കേരളത്തിലെ സ്ഥിതിയും വിശകലനം ചെയ്യേണ്ടിവരും. ഇതൊരു സാമൂഹിക പ്രശ്നമാണ്, അതിനാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സർക്കാർ ഇത് ചർച്ച ചെയ്യേണ്ടിവരും, ”ശിവൻകുട്ടി പറഞ്ഞു.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വർഷമായി നിജപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് സ്‌കൂളുകളിലെ പ്രവേശനത്തിന് അവരുടെ പ്രായം ക്രമീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.