മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘ക്രിസ്റ്റഫര്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ്” എന്ന ടാഗ് ലൈനോടുകൂടി എത്തിയ ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. 2010ല്‍ പുറത്തിറങ്ങിയ ‘പ്രമാണി’ക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സും സപ്പോര്‍ട്ടിംഗ് ആക്ടേഴ്‌സിന്റെ പ്രകടനവും ഗംഭീരമായെന്ന് പ്രേക്ഷകര്‍ പറയുന്നു. പശ്ചാത്തല സംഗീതം, സിനിമാട്ടോഗ്രഫി, സ്‌ക്രീന്‍പ്ലേ എന്നിവ മികച്ചു നില്‍ക്കുന്നു. മികച്ച ആദ്യ പകുതിയും അതിനോട് നീതി പുലര്‍ത്തുന്ന രണ്ടാം പകുതിയും മടുപ്പിച്ചിട്ടില്ലെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പോലെയുള്ള ചിത്രങ്ങളുടെ നിരയിലേയ്ക്ക് ഉണ്ണികൃഷ്ണനില്‍ നിന്ന് ഒരു ചിത്രം കൂടി എത്തിയെന്നും അഭിപ്രായപ്പെട്ടവരുണ്ട്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.