കോട്ടയം ∙ സംയുക്ത റബറിന്റെയും പ്രകൃതിദത്ത റബറിന്റെയും ഇറക്കുമതി തീരുവ 25 ശതമാനമാക്കി. സംയുക്ത റബറിന്റെ ഇറക്കുമതി തീരുവ 25% ആയി വർധിപ്പിക്കുകയായിരുന്നു. സാധാരണ റബറിൽ കെമിക്കലുകൾ കൂട്ടിച്ചേർത്ത് അരച്ചുണ്ടാക്കുന്നതാണ് സംയുക്ത റബർ. പ്രകൃതിദത്ത റബറിന് നിലവിൽ 25 ശതമാനമാണ് കസ്റ്റംസ് തീരുവ.

രണ്ടിനത്തിലും നികുതി ഏകീകരണം വന്നതോടെ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി കുറയുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ആഭ്യന്തര റബർ വിപണി ശക്തി പ്രാപിക്കുകയും റബറിന് വില ഉയരുകയും ചെയ്യും. പുതിയ ബജറ്റിൽ റബർ ബോർഡിനുള്ള വിഹിതം 268.76 കോടിയാണ്. നിലവിലെ പദ്ധതി കാലയളവിലേക്ക് (2025-26) റബർ ബോർഡ്, എക്‌സ്‌പെൻഡിചർ ഫിനാൻസ് കമ്മീഷനിൽ (ഇഎഫ്‌സി) സമർപ്പിച്ച നിർദേശത്തിന് അനുസൃതമായാണ് വിഹിതം അനുവദിച്ചിരിക്കുന്നതെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ അറിയിച്ചു.