
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് 2023 ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.ടെക്നോളജി രംഗത്തെ പരിപോഷിപ്പിക്കാനും ഭാവി സാങ്കേതികവിദ്യകള്‍ക്ക് മുതല്‍കൂട്ടാകാനും സാധിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് ബജറ്റില്‍ ഉണ്ടായിരുന്നത്. ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്ന സാഹചര്യത്തിലാണ് വില കുറയുന്നത്. ഉത്പന്നങ്ങളുടെയും അസംസ്കൃതവസ്തുക്കളുടെയും വിലയിലുള്ള കുറവ് ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ വിലയെ ബാധിച്ചേക്കും.മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും.ഇത്തവണത്തെ ബജറ്റിലെ ശ്രദ്ധേയമായ കാര്യം മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള ചില ഉല്‍പന്നങ്ങളുടെ ഇറക്കുമതി കസ്റ്റംസ് തീരുവ കുറച്ചതാണ്. ഇത് ഫോണുകളുടെ വില കുറയാന്‍ കാരണമാകും. രാജ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. കമ്പനികള്‍ക്ക് ഇനി മുതല്‍ ഫോണ്‍ നിര്‍മ്മാണത്തിലുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ ചിലവില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കും.ക്യാമറ ലെന്‍സ് പോലുള്ള ചില ഭാഗങ്ങളുടെയും ഇന്‍പുട്ടുകളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബാറ്ററികള്‍ക്കുള്ള ലിഥിയം അയണ്‍ സെല്ലുകളുടെ ഇറക്കുമതിയില്‍ നിലവിലുള്ള തീരുവ ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 2014-15ല്‍ 5.8 കോടി യൂണിറ്റായിരുന്നവെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 31 കോടി യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ ടിവി പാനലുകളുടെ ഓപ്പണ്‍ സെല്‍ പാര്‍ട്സിന്റെ കസ്റ്റംസ് തീരുവയും കുറച്ചിട്ടുണ്ട്. 2.5 ശതമാനമായിട്ടാണ് ഈ തീരുവ കുറച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ടിവികള്‍ക്കും വില കുറയും.