2023 – 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.അടുത്ത വർഷം 6.8 % വരെ വളർച്ച മാത്രമേ നേടാൻ കഴിയൂ എന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് കണക്കിലെടുത്ത് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ബജറ്റിൽഉണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.സ്റ്റാർട്ട് അപ്പുകൾക്ക് കൂടുതൽ പിന്തുണ നൽകിയാൽ രാജ്യത്തെ തൊഴിലായ്മ നിരക്ക് കുറയുമെന്നാണ് ഈ മേഖലയിലെ സംരംഭകർ പറയുന്നത്.കേന്ദ്രബജറ്റിൽ കൂടുതൽ പദ്ധതികളും പ്രവർത്തന മൂലധനവും ഉറപ്പാക്കാനായാൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
ഏറെ നാളത്തെ ആവശ്യമായ INDUSTRIAL STATUS ഒപ്പം മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കുമുള്ള പാർപ്പിട പദ്ധതികൾക്ക് നികുതി ഇളവ് തുടങ്ങി ഒരു പിടി ആവശ്യങ്ങൾക്കുള്ള മറുപടിയാണ് റിയൽ എസ്റ്റേറ്റ് മേഖല ഈ ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്.ഇതിനിടെ ബജറ്റ് ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്രദമായെന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ബിജെപി സമിതിയെ രൂപീകരിച്ചു . ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സുശീൽ കുമാർ മോദിയുടെ നേതൃത്വത്തിൽ 9 അംഗ സമിതിയെയാണ് രൂപീകരിച്ചത്. ചൊവ്വാഴ്ച മുതൽ സമിതി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഫെബ്രുവരി 12 വരെ വിവരശേഖരണം തുടരും. റഷ്യ യുക്രൈൻ യുദ്ധം ലോകരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് തടസമാകുമ്പോഴും ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന സന്ദേശം സമിതി ജനങ്ങളിലെക്കെത്തിക്കും.