തലച്ചോർ കാർന്നു തിന്നുന്ന അമീബ ബാധിച്ച് യുവാവ് മരിച്ചു. അമേരിക്കയിലെ ഷാർലെറ്റ് കൗണ്ടിയിൽ നിന്ന് നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബ ബാധിച്ചാണ് യുവാവ് മരിച്ചത്. പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിൽ എത്തിയത്. ഫെബ്രുവരി 20നായിരുന്നു യുവാവ് മരണമടഞ്ഞത്. അണുബാധയെക്കുറിച്ച് ആരോ​ഗ്യവിഭാ​ഗം ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് മൂന്നുദിവസത്തിനുള്ളിലാണ് മരണം സംഭവിച്ചത്. അണുബാധയേറ്റ സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ കൈക്കൊളളുമെന്നും ഷാർലെറ്റിലെ ആരോ​ഗ്യവിഭാ​ഗം വ്യക്തമാക്കി. കുളിക്കുക, മുഖം കഴുകുക, നീന്തുക തുടങ്ങി വെള്ളവുമായി അടുത്തിടപഴകുന്ന അവസരങ്ങളിൽ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മണ്ണ്, തടാകം, പുഴ പോലുള്ള ഇടങ്ങളിലുമാണ് ഈ അമീബ കാണപ്പെടുന്നത്. വെള്ളം കുടിക്കുക വഴി ഇവ ശരീരത്തിലെത്തുന്നത് പ്രശ്നമല്ലെന്നും, എന്നാൽ മൂക്കുവഴി തലച്ചോറിൽ എത്തുന്നതാണ് ​ഗുരുതരമാക്കുന്നതെന്നും ആരോ​ഗ്യപ്രവർത്തകർ പറയുന്നു. ഈ അണുബാധ ബാധിച്ചവരിൽ 97 ശതമാനം പേരും മരണപ്പെട്ടിട്ടുണ്ടെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യുടെ കണക്കുകൾ വ്യക്തമാക്കുന്നത്.