പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ മലയാള സിനിമയാണ് എ ആർ എം അഥവാ അജയന്റെ രണ്ടാം മോഷണം. ടോവിനോ തോമസ് നായകനാകുന്ന ചിത്രം 3 കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്റസി സിനിമയാണ്. ട്രിപ്പിൾ റോളിലാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്. കൃതി ഷെട്ടി, സുരഭി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചിരുന്നു. നൂറ്റി പതിനെട്ടു ദിവസം നീണ്ട ഷൂട്ടാണ് പാക്ക് അപ് ആയത്. ഒക്ടോബര്‍ 11 ന് തുടങ്ങി 125 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് മാര്‍ച്ച്‌ 11ന് 118 ദിവസം കൊണ്ട് പൂർത്തിയാകുമ്പോൾ കടപ്പാട് ഒരുപാട് പേരോടുണ്ട് എന്ന് ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു . അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ പൂർണമായും 3 ഡി യിലാണ് ഒരുങ്ങുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ അപ്ഡേറ്റുകൾ മുതൽ പാൻ ഇന്ത്യാ ലെവലിൽ വൻ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്. . ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.