ന്യൂഡൽഹി: ലണ്ടനിൽ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ അന്വേഷിക്കാൻ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. സമിതിയുടെ അന്വേഷണത്തിലൂടെ രാഹുൽ ഗാന്ധിയെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 2005ൽ പാർലമെന്ററി ചോദ്യോത്തര കുംഭകോണം പ്രത്യേക സമിതി അന്വേഷിക്കുകയും 11 എംപിമാരുടെ അംഗത്വം റദ്ദ് ചെയ്യുകയും ചെയ്തു എന്ന വസ്തുതയിലേക്ക് ദുബെ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. ലൈംഗികാതിക്രമ പരാതിയുമായി രാഹുലിനെ സമീപിച്ച സ്ത്രീകളുടെ വിവരങ്ങൾ നൽകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലായതിനാൽ പാർലമെന്റിനകത്തും പുറത്തും ബിജെപി ബഹളം സൃഷ്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പാർലമെന്റിലെ തന്റെ ലണ്ടൻ പ്രസംഗം വിശദീകരിക്കാൻ അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.