ബെംഗളൂരു: തിങ്കളാഴ്ച രാത്രി ബൈയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനിടെ ഇത്തരത്തിൽ മൂന്നാമത്തെ സംഭവമാണിത്, കൊലപാതകത്തിന് പിന്നിൽ സീരിയൽ കില്ലർ സംഘത്തിന്റെ കൈകളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ ശക്തമായി സംശയിക്കുന്നു.

റെയിൽവേ സ്റ്റേഷന്റെ ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേർന്നുള്ള ഭാഗത്തു കണ്ടെത്തിയ ഡ്രമ്മിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) പ്രദേശം പരിശോധിച്ചപ്പോൾ രാത്രി 7.30 ഓടെ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്

സ്‌റ്റേഷനിലെയും സമീപത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഓട്ടോറിക്ഷയിൽ മൂന്ന് പേർ ചേർന്നാണ് മൃതദേഹം അവിടെ എത്തിച്ചത്. കൂടുതൽ സൂചനകൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാനമായ രീതിയിലുള്ള മറ്റ് രണ്ട് സംഭവങ്ങൾ കൂടി കണക്കിലെടുത്ത്, സംഭവത്തിന് പിന്നിൽ ഒരു പരമ്പര കൊലയാളിയുടെ കൈകളുണ്ടെന്ന് കർണാടക പോലീസ് സംശയിക്കുന്നു.

ജനുവരിയിൽ സമാനമായ സംഭവത്തിൽ, ബെംഗളുരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ 31-35 വയസ് പ്രായമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
ഡിസംബറിൽ, ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ ബംഗാരപേട്ട്-സർ എം വിശ്വേശ്വരയ്യ ടെർമിനൽ മെമുവിലെ റിസർവ് ചെയ്യാത്ത കോച്ചുകളിൽ ഒരു സ്ത്രീയുടെ മറ്റൊരു മൃതദേഹം മഞ്ഞ ചാക്കിൽ കണ്ടെത്തി. മറ്റ് ലഗേജുകൾക്കിടയിലാണ് മൃതദേഹം കണ്ടെടുത്തത്.
ഈ സംഭവങ്ങളിൽ അന്വേഷണം തുടരുകയാണ്, ഇതുവരെ ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല.
കേസുകൾ തമ്മിലുള്ള സാമ്യം ഉദ്യോഗസ്ഥർ പരിശോധിക്കുമെന്ന് പോലീസ് സൂപ്രണ്ട് (റെയിൽവേ) ഡോ സൗമ്യലത എസ് കെ പറഞ്ഞു.