പശ്ചിമ ബംഗാളിൽ കുട്ടികൾക്കിടയിൽ ശ്വസന പ്രശ്നങ്ങൾ വർധിക്കുന്നു. അഡിനോവൈറസ് ബാധയാണ് കുട്ടികൾക്ക് ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . സംസ്ഥാനത്ത് സർക്കാർ -സ്വകാര്യ ആശുപത്രികളിലെല്ലാം രോഗികളാൽ നിറഞ്ഞു കവിഞ്ഞു. ജലദോഷം മുതൽ ന്യുമോണിയ, ചുമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഇടവരുത്തുന്ന വൈറസ് ബാധയാണ് അഡിനോവൈറസ്. രോഗികളിൽ 32 ശതമാനം പേരുടെ സാമ്പിളുകളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എൻട്രിക് ഡിസീസസിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധിതരായ കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുന്നു. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള എല്ലാ സംവിധാനവുമുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. അതിനിടെ, ശ്വസന പ്രശ്നങ്ങളുമായി ചികിത്സ തേടിയ ആറു മാസം പ്രായമുള്ള കുഞ്ഞും രണ്ടര വയസുകാരിയും ഞായറാഴ്ച മരിച്ചു. എന്നാൽ ഇത് അഡിനോവൈറസ് ബാധമൂലമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.