
തിരുവനന്തപുരം: ത്രിപുരയിൽ പ്രതിപക്ഷ എംപിമാരുടെയും എംഎൽഎമാരുടെയും വസ്തുതാന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഹീനമായ പ്രവൃത്തിക്ക് പിന്നിൽ സംഘപരിവാർ ഗുണ്ടകളാണെന്നും ആരോപിച്ചു.
“ത്രിപുര സന്ദർശിക്കുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിന് നേരെ സംഘപരിവാർ ഗുണ്ടകൾ നടത്തിയ ഹീനമായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഉയർത്തിക്കാട്ടുന്നത്. ത്രിപുരയിലെ ഈ ഭീകരവാഴ്ചയെ പരാജയപ്പെടുത്താൻ ജനാധിപത്യ ശക്തികൾ ഒന്നിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ പരിശോധിക്കാൻ എത്തിയ ഇടതുപാർട്ടികളിലെയും കോൺഗ്രസിലെയും എംപിമാരുടെയും എംഎൽഎമാരുടെയും വസ്തുതാന്വേഷണ സംഘം വെള്ളിയാഴ്ച സെപാഹിജാല ജില്ലയിൽ ആക്രമിക്കപ്പെട്ടു.
ആക്രമണത്തിൽ എട്ടംഗ സംഘത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അവരുടെ സന്ദർശന വേളയിൽ മുദ്രാവാക്യം വിളിക്കുകയും അവരുടെ വാഹനങ്ങൾ ചില അക്രമികൾ ആക്രമിക്കുകയും ചെയ്തു. പോലീസ് എസ്‌കോർട്ട് ടീം വേഗത്തിൽ പ്രതികരിക്കുകയും പ്രതിനിധി സംഘത്തിലെ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു, ത്രിപുര പോലീസ് കൂട്ടിച്ചേർത്തു.