അജയന്‍റെ രണ്ടാം മോഷണം ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഇത് സംബന്ധിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ടൊവിനോ തോമസ്. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് താരം കുറിക്കുന്നു. ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും.