
ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടല്‍ നടത്തിയതിനു പിന്നാലെ ആമസോണ്‍ ചില ഓഫീസുകള്‍ വില്‍ക്കാന്‍ പോകുന്നതായി സൂചന.ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 16 മാസം മുന്‍പ് കലിഫോര്‍ണിയയില്‍ ഏറ്റെടുത്ത ഓഫിസാണ് ആമസോണ്‍ വില്‍ക്കുന്നത്. 2021 ഒക്‌ടോബറില്‍ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുള്‍പ്പെടുന്ന വസ്‌തു വാങ്ങിയത്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഓഫീസ് വില്ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതിനകം തന്നെ 2,300 ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുന്നത്. വാഷിങ്ടണ്‍ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കിയ നോട്ടീസ് പ്രകാരം സിയാറ്റിലില്‍ 1,852 പേരെയും ബെല്ലെവ്യൂ, വാഷിങ്ടണില്‍ 448 പേരെയും പിരിച്ചുവിടാനാണ് സാധ്യത.