ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനില്‍ നിന്ന് അല്ലു അര്‍ജുന്‍ പിന്‍മാറി. പഠാന് ശേഷം ഷാരൂഖ് ഖാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജവാന്‍. ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ചെറുതാണെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അത്. എന്നാല്‍ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ഉണ്ടാകില്ല. പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തോട് അനുബന്ധിച്ച് അല്ലു അര്‍ജുന്‍ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂളിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അല്ലു അര്‍ജുന്‍ മറ്റു ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.