ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറില്‍ ഒപ്പുവെച്ച്‌ രാജ്യത്തെ പ്രമുഖ എയര്‍ലൈനായ എയര്‍ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുശേഷമാണ് എയര്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം.റിപ്പോര്‍ട്ടുകള്‍ പ്രകാരം, 70 ബില്യണ്‍ ഡോളറിന്റെ 470 വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ ബസില്‍ നിന്നും 250 വിമാനങ്ങളും അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്നും 220 വിമാനങ്ങളും എയര്‍ ഇന്ത്യ വാങ്ങും.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഇടപാടിനെയാണ് ഇത്തവണ ടാറ്റാ ഗ്രൂപ്പ് മറികടന്നിരിക്കുന്നത്. 2011- ല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് 460 വിമാനങ്ങളാണ് വാങ്ങിയത്. ഈ റെക്കോര്‍ഡാണ് എയര്‍ ഇന്ത്യ മറികടന്നത്. എയര്‍ബസില്‍ നിന്ന് എയര്‍ ഇന്ത്യ 40 വൈഡ് ബോഡി എ 350 വിമാനങ്ങളും, 210 നാരോ ബോഡി എ 320 നിയോ ഫാമിലി പ്ലെയിനുകളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, ബോയിംഗില്‍ നിന്ന് 10 വൈഡ്-ബോഡി ബി 777 എസ്സ് വിമാനങ്ങള്‍ക്കും, 20 വൈഡ്-ബോഡി ബി 787 വിമാനങ്ങള്‍ക്കും, 190 നാരോ ബോഡി ബി 737 മാക്സ് വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.