പൈലറ്റ് പരിശീലനത്തിനിടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് എയർ ഏഷ്യ (ഇന്ത്യ) എയർലൈൻസിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 20 ലക്ഷം രൂപ പിഴ ചുമത്തി. തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിലെ എട്ട് നിയുക്ത എക്സാമിനർമാരിൽ നിന്ന് ഡിജിസിഎ മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. എയർലൈനിന്റെ ട്രെയിനിംഗ് മേധാവിയെ മൂന്ന് മാസത്തേക്ക് സ്ഥാനത്ത് നിന്ന് മാറ്റാനും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിന്റെ പൈലറ്റുമാരുടെ ട്രെയിനിങ് സമയത്ത് പാലിക്കപ്പെടേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ എയർ ലൈൻ പാലിക്കാത്തത് ചട്ട ലംഘനമാണ്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശപ്രകാരം പ്രൊഫിഷ്യൻസി പരിശോധന നിർബന്ധമാണ്. തുടർന്ന്, എം/എസ് എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിന്റെ അക്കൗണ്ടബിൾ മാനേജർ, ട്രെയ്‌നിംഗ് മേധാവി, എല്ലാ നിയുക്ത എക്‌സാമിനർമാർക്കും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇവരുടെ രേഖാമൂലമുള്ള മറുപടി പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, എയർലൈനുകളുടെ ചട്ട ലംഘനങ്ങൾക്കെതിരെ ഏവിയേഷൻ റെഗുലേറ്റർ കർശന നടപടി സ്വീകരിക്കുന്നുണ്ട്. എയർ ഇന്ത്യ, ഗോ ഫസ്റ്റ് എന്നിവയുൾപ്പെടെ നിരവധി പേർക്കെതിരെ ഒന്നിലധികം നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി 2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് അറിയിച്ച് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു.