
അദാനി ഗ്രൂപ്പിന്റെ പിൻവലിച്ച ഫോളോ-ഓൺ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫെബ്രുവരി 15 ന് ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. അദാനി ഗ്രൂപ്പ് ഓഹരികളിൽ അടുത്തിടെയുണ്ടായ തകർച്ചയിൽ റെഗുലേറ്റർ സ്വീകരിച്ച നിരീക്ഷണ നടപടികളെക്കുറിച്ച് സെബിയുടെ ബോർഡ് ധനമന്ത്രിയെ അറിയിക്കുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.ഓഹരി മൂല്യം ഉയർത്തിക്കാട്ടി തട്ടിപ്പ് നടത്തിയെന്നുള്ള അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം നിക്ഷേപകർക്ക് ലക്ഷക്കണക്കിന് കോടികളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി 24 ന് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് ശേഷം അദാനി ഗ്രൂപ്പിന് 110 ബില്യൺ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമത്വം നടത്തിയതായി ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചു. ആരോപണങ്ങൾ അദാനി നിഷേധിച്ചിരുന്നു.