ദേശീയ പാത 66ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് വീണ് 3 പേർ മരിച്ചു. മൂന്നുപേരും ചാലക്കുടി സ്വദേശികളാണ്. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവർ അരുൺ ജോർജ് (26), സഹായി ഉണ്ണിക്കൃഷ്ണൻ (40), സവാള ഏജന്റ് ശരത് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 7.20നായിരുന്നു അപകടം. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽവച്ച് ലോറിയുടെ നിയന്ത്രണം പോകുകയായിരുന്നു. 30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടനെതന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമഴ്ന്നു കിടന്ന ലോറിയുടെ ഏറ്റവും താഴെഭാഗത്തായാണ് ക്യാബിൻ ഉണ്ടായിരുന്നത്. ഏറെ നേരത്തെ ശ്രമത്തിനു ശേഷം ക്യാബിൻ വെട്ടിപ്പൊളിച്ചാണു ഇവരെ പുറത്തെടുത്ത് നടക്കാവ് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. സ്ഥിരം അപകടമേഖലയായ ഈ വളവ് ഒഴിവാക്കിയുള്ള സമാന്തര പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടുകാർ പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്.