
യുകെ ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ഉപഗ്രഹങ്ങൾ കൂടി ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കും. ഇസ്രോയുടെ റോക്കറ്റ് എൽവിഎം 3 ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. അടുത്ത മാസം ആണ് വിക്ഷേപണം. ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ MkIII (ജിഎസ്എൽവി MkIII) എന്നറിയപ്പെട്ടിരുന്ന എൽവിഎം3 റോക്കറ്റ് ഉപയോഗിച്ച് ഒക്ടോബർ 23 ന് 36 ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് ശ്രീഹരിക്കോട്ടയിൽ നിന്ന് നേരത്തെ വിക്ഷേപിച്ചിരുന്നു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് വൺവെബുമായി രണ്ട് ഘട്ടങ്ങളിലായി 72 പഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് 1,000 കോടി രൂപയ്ക്ക് ഒപ്പിട്ടതായി വൺവെബ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യം കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സ് വിക്ഷേപിച്ച 40 ഉപഗ്രഹങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും വൺവെബ് സ്ഥിരീകരിച്ചു. ഉപഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് നേരിട്ട് ഇന്റർനെറ്റ് സേവനം നൽകുകയാണ് വൺവെബ് ലക്ഷ്യമിടുന്നത്.