കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ച് 11 വയസുകാരി മരണപ്പെട്ടു. പതിറ്റാണ്ടുകളിൽ ഇതാദ്യമായി വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ തുടങ്ങി എന്ന ആശങ്കയിൽ ആണ് ലോകാരോഗ്യ സംഘടന. ഫെബ്രുവരി 16 ന് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കുട്ടിയിൽ പ്രകടമായി. ബുധനാഴ്ച എച്ച്5എൻ1 പക്ഷിപ്പനി ബാധിച്ച് കുട്ടി മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന 12 പേരുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. വെള്ളിയാഴ്ച കുട്ടിയുടെ പിതാവിന് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ അയാൾക്ക് രോഗലക്ഷണമില്ലെന്നും അധികൃതർ പറഞ്ഞു. ഈ രോഗം ബാധിച്ചവരിൽ പലരും സമ്പർക്കം പുലർത്തിയിരുന്നു. രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവരിൽ നാല് പേരിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങി. പക്ഷികളിൽ നിന്നാണോ മനുഷ്യരിൽ നിന്നാണോ രോഗം പകർന്നത് എന്നതാണ് ഇപ്പോൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. പക്ഷിപ്പനി എന്ന് വിളിക്കുന്ന എച്ച്5എൻ1 ആദ്യമായി കോഴികളിൽ കണ്ടെത്തിയത് 1959-ൽ സ്‌കോട്ട്ലാൻഡിൽ ആയിരുന്നു. പിന്നീട് 1996-ൽ ഇത് ചൈനയിലും ഹോങ്കോംഗിലും കണ്ടെത്തി.. 1997- ൽ ആയിരുന്നു ഇതാദ്യമായി മനുഷ്യനിൽ കണ്ടെത്തിയത്.